ജനപ്രിയ പോസ്റ്റുകള്‍‌

2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എന്റെ പ്രണയം കട്ടനോട്..

✍ ദാരിമി രാമനാട്ടുകര

കിസ്മത്തിൻ്റെ മധുരമുള്ള 
കണ്ണീരിൻ്റെ നനവുള്ള 
സ്നേഹത്തിൻ്റെ രുചിയുള്ള 
വിപ്ളവത്തിൻ മണമുള്ള 
ഉള്ളിലെ ചൂടിനെ തണുപ്പിക്കും 

ചൂടുള്ള ചായ...


2018 ഓഗസ്റ്റ് 26, ഞായറാഴ്‌ച

വിടരാത്ത സ്വപ്നങൾ

- ദാരിമി രാമനാട്ടുകര

ഇരുണ്ടകന്ന ഇന്നിന്റെ പകലിൽ 
ഞാൻ തിരഞ്ഞ വരികളാണ് നീ... 
ഇനി ഓർമ്മകളിലുള്ള അക്ഷരങ്ങൾ
പെറുക്കി കൂട്ടണം, 
നിന്നെ കുറിച്ചുള്ള
എന്റെ വിടരാത്ത സ്വപ്നങ്ങൾ പോലെ
മനോഹരമായി അടുക്കി വെക്കണം,,
നാളത്തെ പകലിൽ
രണ്ടും ഒത്തു നോക്കണം ,
ഓർമ്മകൾക്കാണ് സൗന്ദര്യം,
സ്വപ്നങ്ങൾക്കാണ് സുഗന്ധം
എന്ന് തിരിച്ചറിയണം ..
വരാനിരിക്കുന്ന ഓരോ രാപ്പകലിലും
ജീവിതം തനിയാവർത്തനം എന്നറിയണം..
ഓരോ രാ(തിയും ഞാനറിയാതെ
ഈ ഇരുട്ടിൽ മയങ്ങിവീഴണം


എത്ര വേഗം മറന്നു

- ദാരിമി രാമനാട്ടുകര

ലാഭ നഷ്ടങ്ങളുടെ കുരുക്കു 
തീര്‍ക്കുന്ന 
കണക്കുകള്‍ക്കിടയില്‍ 
നീ ജീവിതം മറന്നു, 
സ്നേഹം മറന്നു, 
പ്രണയം മറന്നു. 
എന്നെയും നിന്നെത്തന്നെയും, 
എത്ര വേഗം ......??!!! 

കുളിരൂറുന്ന ഓര്‍മ്മകളും 
നനുത്ത സ്പര്‍ശന സുഖവും 
വര്‍ണ പുഷ്പങ്ങളും 
ചിത്രശലഭങ്ങളും 
ഹരിതാഭമായ പ്രകൃതി ഭംഗിയും 
മലകളും പുഴകളും 
എല്ലാം എല്ലാം 
ഇന്നു നിനക്കന്യം 

എന്നോടു നിനക്കും 
നിന്നോടെനിക്കുമുണ്ടെന്നു 
ഞാന്‍ അഹങ്കരിച്ചിരുന്ന 
എല്ലാ സൗഹൃദങ്ങളും 
വറ്റി വരളാന്‍ 
ഇത്രമേല്‍ വേഗത്തില്‍ 
വന്നു ഭവിച്ചത്‌ 
ഏതു പ്രകൃതി ദുരന്തമായിരുന്നു...? 

എനിക്കറിയില്ലല്ലൊ.


കരിപുരണ്ട മോഹങ്ങൾ

- ദാരിമി രാമനാട്ടുകര

നാളെ ഭൂമിയുടെ ഉത്ഘാടനമാണ്
നിങ്ങളെല്ലാം വരണം ..
പറ്റുമെങ്കില്‍ ജെ സി ബി വേണം .
നികത്താന്‍ ഉള്ള വയലുകള്‍ കണ്ടെത്തി വരണം .
ടിപ്പറുകള്‍ മരണ മണി മുഴക്കി
ധിക്കാരം നിറഞ്ഞ മുഖവുമായി വരണം ..
പുഴയുണ്ടെങ്കില്‍ പറഞ്ഞേക്കണം
കടവും തോട്ടയും എന്റെ വക ..
മലയുണ്ടെങ്കില്‍ പറയണം
കാടിളക്കി വെടി വെക്കണം ...
പാറയുണ്ടെങ്കില്‍ പറയണം
പകുതി നിങ്ങള്ക്ക് പാട്ടത്തിനു തരാം .....
നിങ്ങളുടെ മക്കളോ ...
ചോദിച്ചേക്കാം ...
മക്കളെ കൊല്ലാന്‍ അല്ലെ വഴിയില്‍
ഒളിഞ്ഞ കത്തികള്‍ ..
എന്റെ മണം മറ്റുള്ളവരുടെ വിയര്‍പ്പു തന്നെ ..
പഴയ മുറം കൊണ്ട് പകല്‍ വെളിച്ചം മറച്ചു
എനിക്കൊരു ഇരുട്ട് ഉണ്ടാക്കണം
ആ ഇരുട്ടില്‍ നിന്നും
ആരുടെയോ മുനയുള്ള ആയുധം
എന്റെ ചോരയെ തിരഞ്ഞു വരും
അവരെല്ലാം വലിയ യോജിപ്പിലാണ് .
തോല്‍പ്പിക്കാന്‍ മാത്രം

ശക്തിയുണ്ടോ ...അപ്പോള്‍ ഞാന്‍ ഒരു നിസ്സാരനല്ല ..


എന്തൊക്കെയോ മറന്ന പോലെ

- ദാരിമി രാമനാട്ടുകര

കാത്തിരുന്നാല്‍ വരുമെന്നുറപ്പ് 
മരണംമാത്രമെന്ന് മനസ്സില്‍ കുറിച്ചിട്ടും 
വറുതിയില്‍ ഒഴുകി ഒടുങ്ങിയ പുഴയുടെ കഥയറിയാതെ 
കടല്‍ കാത്തിരിപ്പുണ്ട് ,പുഴയ്ക്കായ് ..
വഴിതെറ്റിയ പൂക്കാലത്തിന്റെ പോക്കറിയാതെ 
കാട് കാത്തിരിപ്പുണ്ട് വസന്തത്തിനായ് ….
അക്ഷരങ്ങള്‍ മറന്ന കവിഹൃദയത്തില്‍ ചേക്കേറാന്‍ 
ഒരു കവിത കാത്തിരിക്കുന്നു വരികളായ്…
സ്വപ്നം ഫലിക്കുമ്പോള്‍ തുള്ളിച്ചാടാനായ് 
വെമ്പല്‍ കൊള്ളുന്നുണ്ട് ഒരു കാമുകഹൃദയം …
വെള്ളിമേഘങ്ങള്‍ക്കു താഴെ കടഞ്ഞെടുത്ത സ്വപ്‌നങ്ങള്‍ പെറുക്കിക്കൂട്ടി 

കാത്തിരിപ്പുണ്ട് മഴയ്ക്കായ് ഒരു വേഴാമ്പലും ….!!!


ദറ്റുകാരന്റെ അന്ത്യം

- ദാരിമി രാമനാട്ടുകര

സ്ഥാനത്തും
അസ്ഥാനത്തുമുപയോഗിച്ച്
വാക്കുകളുടെ
വിലകളഞ്ഞവനായിരുന്നു
കവി!

ഓര്‍ഡറനുസരിച്ച്
കവിത ചുട്ടെടുത്ത്
ചന്തയില്‍ വിറ്റവന്‍....

അക്ഷരങ്ങളെല്ലാം
ഒരിക്കലയാളെ
തേടിച്ചെന്നു;
കവിത രചിച്ച കൈകളാണ്

വട്ടിപ്പലിശയ്ക്ക്
പണം കൊടുക്കുന്ന
പണിയായിരുന്നു
അപ്പോളയാള്‍ക്ക്...

വിസര്‍ജ്യത്തെ
നേരിടുന്ന അവജ്ഞയോടെ
അക്ഷരങ്ങളെ നോക്കി
അയാളലറി...
"പോകൂ , ചാപിള്ളകളേ
വല്ല തെരുവുതെണ്ടികളുടെയു-
മരികിലേക്ക്....പോകൂ...''

അക്ഷരങ്ങള്‍ കൂട്ടത്തോടെ
അയാളെ വളഞ്ഞു
ചില്ലക്ഷരങ്ങള്‍
കണ്ണുകളിലേക്ക്
തുളഞ്ഞുകയറി

സ്വരങ്ങളും വ്യഞ്ജനങ്ങളും
വര്‍ഗവഞ്ചകനെ
സംഘം ചേര്‍ന്ന് നായാടി...

പിറ്റേന്ന്,
വാക്കുകളെ വ്യഭിചരിച്ച
ഒറ്റുകാരന്റെ ജഡം
ഉറുമ്പരിക്കപ്പെട്ട നിലയില്‍

തെരുവോരത്തു കിടന്നു


നമ്മെളെന്താണിങ്ങനെ

- ദാരിമി രാമനാട്ടുകര
ചിതെലെടുത്തചായക്കടയിൽ
 ഓ൪മ്മകൾ ആത്മാവിനു പുകകൊടുത്തു ചായയും കുടിച്ചിരിക്കുന്നു!

സ്മാരകശിലപോലെ തുറിച്ചുനോക്കുന്നു മൂകനായിപ്പോയ പഴയ റേഡിയോ!

ഒഴിഞ്ഞകസേരയിലരികിലിരുന്ന് പത്രമുറക്കെവായിച്ച് കാലം കയറിയവർ!

ചില്ലുകൂട്ടിലിരുന്നു ചെറുകടികൾ പുഞ്ചിരിച്ചപ്പോൾ ഒഴിഞ്ഞകീശതപ്പി പരിതപിച്ചവ൪ വള൪ന്നു!

കീശ നിറഞ്ഞപ്പോൾ കൊളസ്ട്രോളും പഞ്ചസാരയും പിരിയാത്ത ചങ്ങാതിമാ൪!

മേൽവിലാസം തിരയുന്നവ൪ ചായക്കട കാണുന്നില്ല.......

തപാല്‍പ്പെട്ടിക്കുള്ളിലെയിരുട്ടിൽ ഏകനായിക്കിടന്നു നിലവിളിക്കുന്നൊരു കത്ത്!

പുത്രനാൽ തിരസ്കരിക്കപ്പെട്ട പിതാവ് വിറയാ൪ന്ന കൈയാൽ പുത്രനെഴുതിയ കത്ത്!

വിളക്കുകാലുകളിൽ പതിയുന്ന ചിത്രങ്ങളിൽ ഏറെയും അ൪ദ്ധശതകം തികയ്ക്കാത്തവ൪!

ജോലിതേടിമടുത്ത യുവത്വം അഹോരാത്രം മുഖപ്പുസ്തകത്തിലും വാട്സാപ്പിലും!

ചിന്തകളിൽനിന്നിറങ്ങാനാകാതെ 
സദാ ചലിക്കുന്നൂ ചില൪! 

വയ്യ .. എനിക്ക് മടുത്ത് തുടങ്ങിയിരിക്കുന്നു...

സത്യം
നിഴൽ വിരിക്കുന്ന
പാതയിലേക്ക്
എനിക്കോടിപ്പോകണം

തലമുറകൾ
പിന്നിട്ട പാതയിൽ
മുള്ളുണ്ട്
മൂർഖൻ പാമ്പുണ്ട്
മുലമുറിച്ചു
പ്രതിക്ഷേധിച്ച പെണ്ണിന്റെ
പ്രതികാരമുണ്ട് !

എന്നാലും ...

നമ്മെളെന്താണിങ്ങനെ .


ഞാനൊരു യാത്ര പോകുകയാണ്

- ദാരിമി രാമനാട്ടുകര

ഒരു തീർത്ഥയാത്ര ഞാൻ
 പോകാനൊരുങ്ങി.......

മൂകമാണെന്നുമീ 
വിജന യാത്ര,

വരമായിക്കിട്ടിയ ജീവിതയാത്രയിൽ
വരദാനമായോരു മോക്ഷയാത്ര

സ്വർഗീയ തീരം തേടി ഞാനെത്തിയീ
ഇഹലോക ബന്ധന യാത്രയായെൻ
നന്മകൾ ചെയ്തു ഞാൻ ഭൂതകാലത്തിലും
തിന്മകൾ ചെയ്യില്ല ഭാവികാലത്തിലും

ഓർമ്മകൾക്കെന്നും മരണമേകാനായി
മറവിയാലിന്നൊരു മൗനയാത്ര

കാതങ്ങൾ താണ്ടേണ്ട യാത്രയിലിന്നു ഞാൻ......

കാലങ്ങളകലെ നിൽക്കുന്ന യാത്രയിൽ
പിൻതിരിഞ്ഞൊന്നു ഞാൻ നോക്കിയ നേരവും,
കണ്മറഞ്ഞെങ്ങു പോയെൻഭൂതകാലവും.

കൂരിരുൾ താണ്ടുമീ യാത്രയിലെന്നുമായി
കൂട്ടിനായാരെയും കൂട്ടാത്ത യാത്രയായി..

അനുധാവനം ചെയ്തെന്നുമെൻ നന്മകൾ
തിന്മകളൊക്കെയും കൂടിയീയാത്രയിൽ

ആറടി മണ്ണിൽ കുഴിച്ചുമൂടാതെ പോയൊരു
സമ്പാദ്യമാണെന്നുമെൻ ശീലമൊക്കെയും

യാത്രയിലൊപ്പമായി കൂടുന്നുണ്ടേവരും
കൂട്ടാതെ കൂട്ടിനായെത്തിയതാണിവർ
അനുവാദമില്ലാതെ ചേർന്നവരെന്നുമെൻ
യാത്രയിലൊപ്പമാം കൂട്ടുകാരായി....


ഇനി ഞാനൊന്ന് യാത്ര പൊയ്ക്കോട്ടെ ......


നിന്നെക്കുറിച്ചോർക്കുമ്പോൾ

- ദാരിമി രാമനാട്ടുകര
നിന്നെക്കുറിച്ചോർക്കുമ്പോൾ
നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌;
ഉറങ്ങുമ്പോഴും ഉണരുമ്പോഴും.
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌.

നിനക്ക്‌ ധൃതിയായിരുന്നു;
വേഗത നന്നെ കുറവല്ലായിരുന്നു,
വാകമരങ്ങള്‍ തണല്‍വിരിച്ച
നടപ്പാതകളിലെല്ലാം
അവഗണനയുടെ മുള്ളാണികള്‍
വിതറിയുള്ള നിന്റെ നടപ്പിനും.
വാക്കുകള്‍ ഹൃദയത്തിലേല്‍പ്പിച്ച
മുറിവിനോളം വരികയില്ലെന്ന
തിരിച്ചറിവില്‍ ചിരി തുടരേണ്ടി വന്നു.

നീയെന്നും ശ്രമിച്ചിരുന്നത്‌;
വിലകുറഞ്ഞ വികാരങ്ങള്‍ക്ക്‌
ജീവന്‍ വയ്ക്കുന്ന ഇടവേളകളില്‍
ഞാന്‍ സമ്മാനിച്ച ചുംബനങ്ങള്‍
മറച്ചുവയ്ക്കാനായിരുന്നു.
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്‌;
കടുംചുവപ്പില്‍ ചാലിച്ചെടുത്ത -
എന്റെ ചുണ്ടടയാളങ്ങള്‍,
പ്രതിഫലിക്കുന്നത്‌ കണ്ട്‌.

നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
എന്റെ കുസൃതികളോരോന്നും
ഓര്‍മ്മിപ്പിക്കുന്നതിനാലാവാം
ചുവന്ന ലിപ്സ്റ്റിക്കിന്റെ
ധാരാളത്തത്തിനുള്ളിലേക്ക്‌
സ്റ്റോറബറി വദനം,
നീയൊളിപ്പിച്ചുവച്ചത്‌.

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ചിതയൊരുക്കിയ നിന്റെ കണ്ണുകള്‍
ചലിക്കാതിരുന്നപ്പോൾ ഞെട്ടിയത് 
ഞാനായിരുന്നു .
അപ്പോഴും നിർവചിക്കാൻ കഴിയാത്ത
അലസമായൊരു ചിരി,
കണ്ടെന്നു വരുത്തി യവനികയിലേക്ക്
ഞാനും മറഞ്ഞു ..
മനസ്സിലായില്ലെങ്കിലും ...


ശൂന്യത

- ദാരിമി രാമനാട്ടുകര
കവിതയുടെ കരാളഹസ്തങ്ങളില്‍
മുറിയുന്നു കവി ഹൃദയം;
അറിയുന്നുവോ കവിയുടെ ആത്മനൊമ്പരം...

പിറക്കാത്ത കവിതയുടെ പിറവിക്കായി
തേങ്ങുന്നു കവി ഹൃദയം;
അറിയുന്നുവോ കവിയുടെ ആത്മസംഘര്‍ഷം...

കവിയുടെ ആത്മനൊമ്പരങ്ങളില്‍
കവിതകള്‍ പുനര്‍ജനിക്കുന്നു.
അറിയുന്നുവോ കവിയുടെ ആത്മ നിര്‍വ്രതി...


കവിതകള്‍ പുനര്‍ജനിക്കുന്നു
കവികള്‍ പുനര്‍ജനിക്കുന്നു
അക്ഷര പൂക്കളായി നിങ്ങളും പുനര്‍ജനിക്കുന്നു

അപ്പോഴും തേങ്ങുന്നത്‌ എന്‍കവി ഹൃദയം...........

2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ഗുരോ...

- ഉനൈസ് കട്ടിപ്പാറ

ഗുരോ......    
നിനച്ചില്ലൊരിക്കലും
ഇത്രമേൽ തിരക്കുപിടിച്ച് 
ദു:ഖാർദ്ര നൊമ്പരം തന്ന്
ദൈവസന്നിധി പുൽകുമെന്ന്,
ഗുരോ........
അങ്ങ് താണ്ടിയ പാതകൾ
എന്നും വസന്തമായിരുന്നു,
പ്രവർത്തനങ്ങൾ കുറ്റമറ്റതും, 
വരും തലമുറക്കായുശ്കാലം
പഠിക്കാനുള്ള പാഠങ്ങൾ 
അങ്ങ് ജീവിച്ചു തീർത്തു
അതും ഹ്രസ്വായുസ്സിൽ
ഗുരോ.......
ഇനിയെന്റെ യാത്രയിൽ ,
ജീവിതസപര്യയിൽ തികട്ടുന്ന
ഓർമകൾക്ക് ശമനം നൽകാൻ
കൂടെ കരുതണം ഒരു കണ്ണീർ കുടം..
വർണ്ണിക്കാൻ വാക്കുകൾക്ക് ദാരിദ്ര്യമെങ്കിലും
ഓർമയുടെ കവാടത്തിലങ്ങാണ് ...
നാഥാ..... ഒരുമിപ്പിക്കണേയെന്നെയും,
ആത്മ പിതാവിനൊപ്പം നിന് സുഖശീതളിമയുടെ
സ്വർഗ്ഗപ്പൂങ്കാവനത്തിൽ......



2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്...

 - ദാരിമി രാമനാട്ടുകര


ഒരു പ്രളയമിന്നു വിരുന്നു വന്നൂ
പ്രളയമൊരു പ്രണയം പറഞ്ഞു വന്നു.
കാലങ്ങളേറെപ്പഴമയിൽ നിന്ന്
കാതങ്ങളേറെയകലങ്ങളിൽ നിന്ന്
തടവറ വാതിൽ പഴുതിലൂടൊഴുകിയീ
ഏകാന്തരാവിൻ തീരം കടന്ന്....

പ്രളയഭൂമിയില്‍ തുഴയുകയാണു ഞാന്‍
നാളുകള്‍ക്ക് മുമ്പ് 
പാദം മൂടിയെത്തിയ മഴയെ
തട്ടിത്തെറിപ്പിച്ചപ്പോഴും
ഇന്നു തോരും നാളെ തോരുമെന്ന്
കാത്തു കാത്തിരുന്നപ്പോഴും
പാതിരാത്രിയില്‍ മഴ വീടുതേടി
ഇരച്ചു വരുന്നതും നോക്കി
ഉറങ്ങാതിരുന്നപ്പോഴും
നനഞ്ഞ അടുപ്പ്
പുകയ്ക്കാനാവാതെ
ഉറ്റവരെ ചേര്‍ത്തൊതുക്കി
അഭയകേന്ദ്രം തേടിയപ്പോഴും,
അറിഞ്ഞില്ല,

പെയ്യാന്‍ കൊതിച്ച മഴയില്‍
ഒലിച്ചു പോയതൊന്നും
തിരിച്ചെടുക്കാനാവാതെ
ഒരു കളിവള്ളത്തിലേറി
തുഴയേണ്ടി വരുമെന്ന്,

ജീവിതം ഒരു മഴവെള്ളപ്പാച്ചിലില്‍
ഒഴുകിത്തീരുമെന്ന്!

അപ്പോഴും ;

കരൾ മുറിഞ്ഞിരുളിൽ കദനം പെരുകിയ
മിഴിയിൽ നിന്നടരുന്ന കണ്ണീരൊഴുക്കുകൾ
ഹൃദയം പിളർന്നോരു ചുടുനിണച്ചാലുമായ്
ഇടകലർന്നൊഴുകിയീ തെരുവും കടന്ന്
സങ്കടപ്പെരുമഴകൾ കൂടിക്കലർന്ന്
സഞ്ചിത സങ്കീർണ്ണ സമസ്യകൾ ചേർന്ന്
ജീവിത വേനലിൽ നേർത്തുമെലിഞ്ഞ്
നടവഴികൾ താണ്ടി നഗരം കടന്ന്
കാലങ്ങൾ താണ്ടി കഥകൾ മെനഞ്ഞ്
കാറ്റിലലിഞ്ഞ് കിനാവിൽ പുതഞ്ഞ്
നിന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ
വന്നലച്ചെടുവിലൊരു പ്രണയം പകരുന്നു…..
ഒടുവിലൊരു ഹൃദയം പകരുന്നു.

സ്നേഹമനസ്സുകൾക്ക് നന്ദി ..
ചാരത്തിൽ നിന്ന്
കൈപിടിച്ചുയർത്തിയവർക്ക് നന്ദി..

ഇനി ഞാൻ ഇരുട്ടിൽ നിന്ന്
വെളിച്ചത്തിലേക്ക് ......



ഉറവകൾ വറ്റരുത്!...

- ആബിദ് വഴിക്കടവ്

പർവ്വത സാനുക്കൾ കാലാന്തരങ്ങളായ്
ആഗ്രഹിക്കുന്നു ആഴിയോട്
കിന്നാരം പറയാൻ...
തന്റെ കുംഭത്തിലെ ചെളിനിറഞ്ഞ ജലത്തെ
കൂട്ടുപിടിച്ച് പ്രണയ താഴ് വരകൾ നിർമ്മിച്ചപ്പോൾ...
സ്നേഹം തളിക്കാൻ മറന്ന ഊഷരതയുടെ കുപിത മുഖങ്ങളിൽ ആർദ്രതയുടെ കുഞ്ഞുറവകളും കിനിഞ്ഞു.....



പൊരുൾ..

✍ ആബിദ് വഴിക്കടവ്


ഈ ഇടെയായി പ്രകൃതി മനുജനോട്
സംവദിക്കാൻ തുടങ്ങിയിരിക്കുന്നു....
മൗന പ്രതാപിയായ പ്രളയമായ്
പ്രതികാരത്തിെന്റെ അഗ്നിനാളങ്ങൾ
പടർത്താൻ ശ്രമിക്കുകയാണ്.....
ഇപ്പോൾതന്റെ താളക്രമങ്ങളെ
തകിടം മറിച്ചവർക്ക്...
സന്തുലിതാവസ്ഥയിൽ വിഘാതമുണ്ടാക്കിയവർക്ക്
നൈതികതയുടെ പൊരുൾ
പഠിപ്പിക്കുകയാണ്....


2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

പ്രണയം

✍ റഊഫ് കൊണ്ടോട്ടി


നവസ്നേഹം വെറും മിഥ്യ മാത്രം
സ്നേഹിപ്പാനറിയാത്തോർ
സ്നേഹം നടിക്കും കേവലം
കടലാസു കഷ്ണത്തിനായ്
അല്ലേൽ ലൈംഗീക ശമനത്തിനായ്
മെയ്യും മനസ്സും പവിത്രമായ് കണ്ടുള്ള
പ്രണയം ഭൂവിൽ നാമമാത്രം



മരണം...

- ആബിദ് വഴിക്കടവ്


പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകളേറ്റി..
ജഢാ നരകം ബാധിച്ച്
വഴിവക്കിലൂടെ നടന്നു തളർന്ന
എനിക്ക് ഇനി... ഒരുച്ചമയക്കം...
പാതയരികിൽ പാഥേയ മുപേക്ഷിച്ച്
മണ്ണ് തലക്കിണവെച്ച
ചുടലക്കാട്ടിൽ കിടക്കട്ടെ...
ഇനിയെന്നെ എത്ര പ്രഹരിച്ചാലും
ഉറക്കം നടിച്ചങ്ങനെ കിടക്കും....



പാഠം..

✍ മുഹമ്മദ് നഈം ചുരൽമല


സൂര്യൻ വരുമ്പോൾ പറഞ്ഞ
കൊടുക്കണം മഴവന്നിരുന്നെന്ന്
ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചുവെന്ന്
ഒന്നിച്ചുറങ്ങാനും ഒന്നിച്ചുണ്ണാനും
അങ്ങനെ ഒരു പാട് പാഠങ്ങൾ.....
കുനുറ്റും കുന്നായ്മയും
ഇന്നിവിടം അന്യമാണ്....
കരയും കായലും
ഒന്നിപ്പിച്ച കേരള മനസ്സ്...
ഇടക്കെവിടെയൊ വെച്ച് നഷ്ടമായിരുന്നു ......
വൈകിയാണേലും ! എല്ലാം സെറ്റായി...
സ്വയം പഠിക്കാൻ തയ്യാറല്ലെങ്കിൽ...
ദൈവമതു പഠിപ്പക്കും അതിന് പിന്നെ
പേമാരിയെന്നോ പ്രളയമെന്നൊക്കെ
പറഞ്ഞു തീർകേണ്ടി വരുമെന്നു മാത്രം


ജീവിതം

- ആബിദ് വഴിക്കടവ്


ലേബർ റൂമിനും
മീസാൻ കല്ലുകൾ തിങ്ങിയ
പള്ളിക്കാട്ടിനുമിടക്കുള്ള ഉയർത്തെഴുനേൽപ്പ്.... സമയങ്ങളെന്നെ
ഉടുപ്പിച്ചത് കീറിയൊരു സൗഹൃദ കഞ്ചുകം:...
വയ്യാവേലിക്കിടക്കയിൽ നിന്ന്
എനിക്ക് ആരും തരാത്ത വെക്കേഷൻ.....


യുവത്വം

✍ ആബിദ് വഴിക്കടവ്

പെരുമഴയിലെ മണ്ണിടിച്ചിൽ പോലെ
ശിഥിലമാം നിമിഷാർധങ്ങൾ...
കോടമഞ്ഞിന്റെ ഇക്കിളിപ്പെടുത്തലുണ്ടായിട്ടും
ടെൻഷനടിച്ചു തീർത്തു....
വാർധക്യത്തിലാണാ
ദിനങ്ങൾക്ക് പൂക്കളുടെ
സുഗന്ധമുണ്ടെന്നറിഞ്ഞത്




2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

പ്രവാസി

✍ റഊഫ് കൊണ്ടോട്ടി

കൊല്ലം മുപ്പതു കഴിഞ്ഞിട്ടും
യന്ത്രം പോലെ കഷ്ടപ്പെടുന്നു.
തപിക്കുന്ന മരുഭൂവിലിന്നവന്
ചൂടൊരു പ്രശ്നമേയല്ല.
സൂര്യചന്ദ്രന്മാർ നിത്യവും
നവദിനങ്ങളെ സമ്മാനിക്കുമ്പഴും
ഒന്നും സ്വന്തമായി നേടാത്തതിന്റെ
പരിഭവവും തന്നിലില്ല.
നരവന്ന ശിരസ്സും ക്ഷീണിച്ച മനസ്സും
മെയ്യിന്റെ ജോലിഭാരം കൂട്ടിയെങ്കിലും
ഇത്തിക്കണ്ണി പോലെ പിടിവിടാത്ത
ബന്ധുക്കൾക്കു മുന്നിൽ
വിശ്രമം അസാധ്യം.
അലയും മലയും കടന്നന്യനാട്ടിൽ
അടിമ ജീവിതം നയിക്കുന്നവൻ
സ്വദേശത്തിന്ന് പ്രവാസി!



2018 ഓഗസ്റ്റ് 18, ശനിയാഴ്‌ച

നവഭാരതം

- റഊഫ് കൊണ്ടോട്ടി




ലോകമേ നാണിച്ചു തലതാഴ്ത്തിടുന്നു
ഞാൻ ഇന്നിന്റെ ഭാരത ഗതിയോർത്ത്
ഗാന്ധിക്കു ജന്മം കൊടുത്തവളേ
നീ തന്നെ ഗോഡ്സയേം നൊന്തുപെറ്റു
നീതിയും സ്നേഹവും അന്യമിന്ന്
ഹിന്ദുവും മുസൽമാനും  കലഹമിന്ന്
പശുവിന്റെ പേരിലായ് നരനായാട്ടും
അവകാശധ്വംസന ഹീനകൃത്യങ്ങളും
നാനാത്വത്തിൽ ഏകത്വമെന്നുള്ള
സുഭാഷിതമിന്നു കേട്ടുകേൾവി
ഗംഗയും യമുനയും നിത്യവും പേറുന്നു
വിഷാദത്തിൻ മാറാപ്പു ഭാണ്ഡം
വിന്ധ്യ സത്പുര ഹിമാലയശ്രേണികൾ
ഹൃദയാഘാതത്താൽ തല താഴ്ത്തിടുന്നു


2018 ജൂൺ 14, വ്യാഴാഴ്‌ച

പ്രവാസിയോട്...



- മുഹമ്മദ് നഈം ചൂരൽമല

നീയൊരു വഞ്ചിക്കാരനാണ്!
ദിശയറിയാതെ ജീവിതമെന്ന നൗഖയെ
നയിക്കുന്നവൻ..
അല്ല! നീയൊരു തണൽവൃക്ഷമാണ്..
നീയറിയാത്ത നിന്നെയറിയാത്തവർക്കായ്,
തണൽ വിരിച്ച വൻമരം!!
സ്വയം കനലായ് കത്തിയമർന്ന്
ഒരു നാടിനു മുഴുവൻ വെളിച്ചമായ്..
പ്രവാസി നീ നിറസാനിധ്യമായ്...
പേര് പലതെങ്കിലും
പല റിലീഫിലൂടെയായ്...


2018 ജൂൺ 4, തിങ്കളാഴ്‌ച

🚣‍ആറ്റിറമ്പ്🚣‍

-ആബിദ് വഴിക്കടവ്



പഴമ്പാട്ടിന്റെ ശീലുളള,.. ഓടമുള ഇടതിങ്ങിയ ആറ്റിറമ്പ് വാർധക്യ ശയ്യയിലായ അടവിയുടെ ക്രന്ദനം കണ്ട് മിഴിനീർ പൊഴിക്കുകയാണ്

ഖിന്നയായ കാർമുഖിലുകൾ വല്ലപ്പോഴുമല്ലാതെ പരസ്പരം ആലിംഗനം ചെയ്യാൻ മടിക്കുന്നു

ചെങ്കുത്തായ താഴ്വരകളിൽ പ്രകാശനിർത്സരിയായ പകലിലും നിറം മാറലുകളുടെ അസ്തമയത്തിലും പുഴക്ക് നേരെ കരാളഹസ്തങ്ങൾ നീളുന്നുണ്ടാവണം

മുടിനാരു രൂപേണ പരിണമിച്ച പുഴയുടെ വീർപ്പുമുട്ടലിനിടക്ക് മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ശ്വാസം നിലക്കാറായ മത്സ്യങ്ങളുടെ നിസ്സഹായ ഭാവങ്ങൾ

അതിനു മുമ്പേ കൂട്ടിനുണ്ടായിരുന്ന വയലേലകളും മണ്ണിരകളും വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു


അങ്ങനെ തണൽമരങ്ങളുടെ കൂട്ടിയാട്ടം പോലും കേൾക്കാത്ത ആറ്റിറമ്പും മൗനാനിയായി



നീ തിരക്കിലാണ്..!!

- മുഹമ്മദ്  നഈം ചൂരൽമല

നീ തിരക്കിലാണ്..,
ഊരറിയാത്തവന്റെ ഫ്ലക്സ് ഫോട്ടോക്ക്
കാവലിരിക്കുന്ന തിരക്ക്..!
നിനക്കറിയാവുന്ന ഭിത്തികളേറെയും നീ ചായമടിച്ചു..
ഭയത്തെ നീ കുഴിച്ചുമൂടി
ധന്യരാവുകൾ നിനക്കന്യമായി...
ലോകം അലി ബനാത്തിന്റെയും നസ്സാറിന്റെയും
പിന്നാമ്പുറത്തേക്ക് നടന്നുകഴിഞ്ഞു..
നിപ്പയും കൂടൊഴിയാതൊരഥിതിയായി
ഉലകം ചുറ്റുന്നു...
എന്നിട്ടും നീ തിരക്കിലാണ് .......!


2018 ജൂൺ 3, ഞായറാഴ്‌ച

വീണ്ടും കാണാം

-ആബിദ് വഴിക്കടവ്

മരണമേ;
നിനക്കിങ്ങനെ സ്നേഹ ശൂന്യത കാട്ടാനാവുമോ? ക്ഷണിക്കാത്ത അതിഥിയെ പോലെ പതുങ്ങി വന്ന്
ഒരു കഴുകനെപ്പോലെ ഞങ്ങളിൽ ധന്യമായിരുന്ന സുഹൃത്തിനെ കട്ട് കൊണ്ട് പോയത്....
നിന്റെ പതനി സ്വനങ്ങൾ ഞങ്ങളാരും കേട്ടില്ല!
ഹൃദയ അറകളിലെ ആൽബത്തിൽ ഇനിയും മായാത്ത അക്ഷര ജല ഛായമാണ് ഹാരിസ്...
ജാഡകളുടെ ഉടയാടകളണിയാതെ യുവത്വത്തിന്റെ തീക്ഷണത മുഴുവൻ വിജ്ഞാനം സ്വായത്തമാക്കിയവൻ
ഇരുട്ടിലാണ്ട നവയുഗത്തെ പ്രകാശ പ്രളയമാക്കാൻ പര്യാപ്തമായിരുന്നു ആ വചസ്സുകൾ.,
പുസ്തകങ്ങളെ തേടിപ്പിടിച്ച് അതിൽ ആഴ്ന്നിറങ്ങുന്ന സ്വഭാവമായതിനാൽ അലച്ചിലുകളുടെ ഭാണ്ഡങ്ങളിൽ സമയത്തിന് ദാരിദ്രം വരുമ്പോൾ വീണ്ടും ദൂരങ്ങളെ ജയിക്കാൻ സാഹസികങ്ങൾ നടത്തും...
പത്തു വർഷത്തെ ജ്ഞാന സൗകുമാര്യതയുടെ സാക്ഷി പത്രത്തിന് എല്ലാവരും തയ്യാറെടുക്കവെ നീ മാത്രം വെളുത്ത കഫൻ പുടയുമായി ഞങ്ങളെ തോൽപ്പിച്ചു.,
അല്ലങ്കിലും നീ ഭാഗ്യവാനാണ്
നമുക്ക് വീണ്ടും സംഗമിക്കാം

നാളെ പുണ്യ റസൂലിൻ കൗസറിനരികെ...



2018 ഏപ്രിൽ 14, ശനിയാഴ്‌ച

സൂര്യതേജസ്സ്

-സയ്യിദ് നിസാമുദ്ധീൻ എം.പി.



കളിക്കൊഞ്ചലിൽ,
ചാഞ്ചാടും ഹൃദയത്തിൽ,
ദുഃഖത്തിൻ ഒരായിരം
കുമിളകൾ ഉയർന്നു പൊങ്ങുന്നു...
ഇനിയില്ല ആ സൂര്യതേജസ്സ്..
ഇനിയില്ല ആ കർമ്മയോഗി...
ഉള്ളിനുള്ളിൽ വേദന തന്ന്,
പടച്ച നാഥന്റെ വിളിക്കുന്നതരമേകി,
ഓർമ്മയായി ആ പൂവദനം...