- ദാരിമി രാമനാട്ടുകര
നിന്നെക്കുറിച്ചോർക്കുമ്പോൾ
നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്;
ഉറങ്ങുമ്പോഴും ഉണരുമ്പോഴും.
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്.
നിനക്ക് ധൃതിയായിരുന്നു;
വേഗത നന്നെ കുറവല്ലായിരുന്നു,
വാകമരങ്ങള്‍ തണല്‍വിരിച്ച
നടപ്പാതകളിലെല്ലാം
അവഗണനയുടെ മുള്ളാണികള്‍
വിതറിയുള്ള നിന്റെ നടപ്പിനും.
വാക്കുകള്‍ ഹൃദയത്തിലേല്‍പ്പിച്ച
മുറിവിനോളം വരികയില്ലെന്ന
തിരിച്ചറിവില്‍ ചിരി തുടരേണ്ടി വന്നു.
നീയെന്നും ശ്രമിച്ചിരുന്നത്;
വിലകുറഞ്ഞ വികാരങ്ങള്‍ക്ക്
ജീവന്‍ വയ്ക്കുന്ന ഇടവേളകളില്‍
ഞാന്‍ സമ്മാനിച്ച ചുംബനങ്ങള്‍
മറച്ചുവയ്ക്കാനായിരുന്നു.
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്;
കടുംചുവപ്പില്‍ ചാലിച്ചെടുത്ത -
എന്റെ ചുണ്ടടയാളങ്ങള്‍,
പ്രതിഫലിക്കുന്നത് കണ്ട്.
നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
എന്റെ കുസൃതികളോരോന്നും
ഓര്‍മ്മിപ്പിക്കുന്നതിനാലാവാം
ചുവന്ന ലിപ്സ്റ്റിക്കിന്റെ
ധാരാളത്തത്തിനുള്ളിലേക്ക്
സ്റ്റോറബറി വദനം,
നീയൊളിപ്പിച്ചുവച്ചത്.
എന്റെ സ്വപ്നങ്ങള്‍ക്ക്
ചിതയൊരുക്കിയ നിന്റെ കണ്ണുകള്‍
ചലിക്കാതിരുന്നപ്പോൾ ഞെട്ടിയത്
ഞാനായിരുന്നു .
അപ്പോഴും നിർവചിക്കാൻ കഴിയാത്ത
അലസമായൊരു ചിരി,
കണ്ടെന്നു വരുത്തി യവനികയിലേക്ക്
ഞാനും മറഞ്ഞു ..
മനസ്സിലായില്ലെങ്കിലും ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ